ഈദ്: റോയൽ ഒമാൻ പോലീസിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ

GCC News

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. സമൂഹ അകലം ഉറപ്പാക്കുന്നതിനുള്ള ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരാൻ സാധ്യതയുള്ള എല്ലാ പൊതു ചടങ്ങുകളും നിരോധിച്ചതായി പോലീസ് വ്യക്തമാക്കി. ആഘോഷ പരിപാടികൾ, ഒമാനിലെ പരമ്പരാഗതമായ ഈദ് വിപണികൾ, ഈദ് പ്രാർത്ഥനകൾ, കുടുംബ സംഗമങ്ങൾ മുതലായവയ്‌ക്കായി ജനങ്ങൾ ഒത്തുചേരുന്നതിനു സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഈ വർഷം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കൈക്കൊള്ളാൻ സുപ്രീം കമ്മിറ്റി ഒമാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ജനങ്ങളോട് ഉത്തരവാദിത്വത്തോടെ COVID-19 പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമാകാൻ റോയൽ ഒമാൻ പോലീസ് ആഹ്വാനം ചെയ്തു.