വ്യാജ നിക്ഷേപ പദ്ധതികളുടെ രൂപത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

Oman

വളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. ഒമാനിൽ നിലവിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ നിക്ഷേപ പദ്ധതികളുടെ രൂപത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ ROP-യുടെ പിടിയിലായതോടെയാണ് പൊതുസമൂഹത്തിനു ഇത്തരം തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരാകാനുള്ള നിർദ്ദേശം അധികൃതർ നൽകിയത്.

ഇത്തരം തട്ടിപ്പിന് പിടിയിലായ ആൾ ഏതു രാജ്യക്കാരനാണെന്നത് ROP-യിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വകുപ്പ് പുറത്തുവിട്ടിട്ടില്ല. തട്ടിപ്പിനിരയായവരിൽ നിന്ന്, അവരുടെ നിക്ഷേപങ്ങളിൽ മാസം തോറും ആകർഷകമായ പലിശ വാഗ്ദാനം ചെയ്താണ് ഇയാൾ തുകകൾ സ്വീകരിച്ചിരുന്നതെന്ന് ROP വെളിപ്പെടുത്തി.

“ഇത്തരം തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗം പേരും, വളരെ കുറച്ച് സമയത്തിനിടയിൽ ഉയർന്ന ലാഭം പ്രതീക്ഷിച്ച് കൊണ്ട് പണം നിക്ഷേപിച്ചവരാണ്. പുതിയ നിക്ഷേപകരെ ഈ പദ്ധതിയിലേക്ക് പരിചയപ്പെടുത്തിയവർക്ക് ഇയാൾ ഉയർന്ന തുകകൾ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരത്തിൽ ലഭിച്ച തുക ഉപയോഗിച്ച് കൊണ്ട് ലാഭമുണ്ടാക്കുന്ന ഒരു പദ്ധതിയോ, മാസംതോറുമുള്ള വരുമാനമോ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.”, അധികൃതർ വ്യക്തമാക്കി.

നിക്ഷേപ പദ്ധതികളെ കുറിച്ചും, അവ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ആധികാരികതയെക്കുറിച്ചും അന്വേഷിച്ചുറപ്പിക്കണമെന്നും ROP ജനങ്ങളെ ഓർമ്മപ്പെടുത്തി. നിക്ഷേപങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് അത്തരം സേവനങ്ങൾ നൽകുന്നതിനുള്ള ട്രേഡ് ലൈസൻസ് ഉണ്ടെന്നു ഉറപ്പിക്കേണ്ടതാണെന്നും, ഒമാനിൽ ഇത്തരം നിക്ഷേപങ്ങൾ സംബന്ധമായ സേവനങ്ങൾ നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.