നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ദുബായ് മെട്രോ പ്രവർത്തനസമയങ്ങൾ പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റിയതായി RTA

UAE

നാഷണൽ ഡിസിൻഫെക്ഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, ഇന്ന് മുതൽ ദുബായ് മെട്രോ പ്രവർത്തനസമയങ്ങൾ സാധാരണ നിലയിലേക്ക് പുനർക്രമീകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടെ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ എന്നീ രണ്ട് ലൈനുകളിലും പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്നതാണ്.

മാറ്റം വരുത്തിയ സമയക്രമം അനുസരിച്ച് ഗ്രീൻ ലൈനിലെ മെട്രോ ട്രെയിനുകൾ രാവിലെ 5.30 മുതൽ രാത്രി 12 (ശനി – ബുധൻ) വരെയായിരിക്കും പ്രവർത്തിക്കുക. വ്യാഴാഴ്ച്ചകളിൽ രാവിലെ 5.30 മുതൽ രാത്രി 1 മണി വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 10 മുതൽ രാത്രി 1 മണി വരെയുമാണ് ഗ്രീൻ ലൈനിൽ ട്രെയിനുകൾ പ്രവർത്തിക്കുക.

റെഡ് ലൈനിലെ മെട്രോ ട്രെയിനുകൾ രാവിലെ 5 മുതൽ രാത്രി 12 (ശനി – ബുധൻ) വരെയായിരിക്കും പ്രവർത്തിക്കുക. വ്യാഴാഴ്ച്ചകളിൽ രാവിലെ 5 മുതൽ രാത്രി 1 മണി വരെയും, വെള്ളിയാഴ്ച്ചകളിൽ രാവിലെ 10 മുതൽ രാത്രി 1 മണി വരെയുമാണ് റെഡ് ലൈനിൽ ട്രെയിനുകൾ പ്രവർത്തിക്കുക.