ദുബായിലെ പ്രധാന കാൽനട തെരുവുകളിലൊന്നിൽ റഷ്യൻ കലാകാരന്മാർ മോഡേൺ സ്ട്രീറ്റ് ആർട്ടിൻെറയും, ഗ്രാഫിറ്റി സൃഷ്ടികളുടെയും കലാവിരുന്നൊരുക്കി. “ദുബായും മോസ്കോയും: മാറ്റത്തിന്റെ ചലനാത്മകത, ഒരു ഭാവി കാഴ്ചപ്പാട്” എന്ന പൊതുവായ ആശയം ഉൾക്കൊണ്ടാണ് ഈ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു എ ഇയിൽ നടക്കുന്ന “ഡെയ്സ് ഓഫ് മോസ്കോ” ആഴ്ചയുടെ ഭാഗമായി പങ്കെടുത്ത യുവ കലാകാരന്മാരാണ് ഈ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. ട്രയാങ്കിൾ, ഡയമണ്ട് തുടങ്ങിയ വിവിധ ജ്യാമിതീയ രൂപകല്പനകൾ സ്റ്റെൻസിലുകളായി ഉപയോഗിച്ച് ഇത്തരത്തിലുള്ള ഏഴ് കലാസൃഷ്ടികളാണ് ഇവർ നിർമ്മിച്ചത്.
“മോസ്കോയും ദുബായിയും ആഗോളതലത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മെട്രോപൊളിറ്റൻ പ്രദേശങ്ങളാണ്. നൂതനാശയങ്ങൾ, ഐടി പുരോഗതി, നഗരപരിസരത്തിന്റെ വികസനം, താമസക്കാർക്ക് സുഖകരമായ ജീവിതസാഹചര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് ഈ രണ്ട് നഗരങ്ങളും ലക്ഷ്യമിടുന്നത്,”, മോസ്കോ ഗവൺമെന്റ് മന്ത്രിയും വിദേശ സാമ്പത്തിക പ്രവർത്തന വകുപ്പ് മേധാവിയുമായ സെർജി ചെറിയോമിൻ പറഞ്ഞു. “കല ശക്തമായ ഒരു ഏകീകൃത ശക്തിയാണ്; അത് മനസ്സിൽ വെച്ചുകൊണ്ട്, യു എ ഇയിലെ താമസക്കാരെയും, എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനെത്തുന്ന അതിഥികളെയും മോസ്കോയിലെ ആധുനിക കല പരിചയപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
മോസ്കോയും യു എ ഇയും തമ്മിലുള്ള വിദേശ സാമ്പത്തിക, നിക്ഷേപ, സാംസ്കാരിക സഹകരണം വികസിപ്പിക്കാൻ ലക്ഷ്യമിട്ടാണ് “ഡേയ്സ് ഓഫ് മോസ്കോ” സംഘടിപ്പിക്കുന്നത്.
WAM