ഒമാൻ: അൽ സലീൽ നാഷണൽ പാർക്കിലെ സഫാരി പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നതായി എൻവിറോണ്മെന്റ് അതോറിറ്റി

GCC News

രാജ്യത്തെ വിവിധ സംരക്ഷിത പ്രകൃതി മേഖലകളിലായി ഒന്നിലധികം നിക്ഷേപ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. ഇതിൽ ഉൾപ്പെടുന്ന അൽ സലീൽ നാഷണൽ പാർക്കിലെ സഫാരി പദ്ധതിയുടെ നിർമ്മാണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയതായും എൻവിറോണ്മെന്റ് അതോറിറ്റി കൂട്ടിച്ചേർത്തു.

ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ സംരക്ഷിത പ്രകൃതി മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നടപടികൾ അനുബന്ധ വകുപ്പുകളുമായി ചേർന്ന് അതോറിറ്റി നടപ്പിലാക്കുന്നതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒമാനിലെ സംരക്ഷിത പ്രകൃതി പ്രദേശങ്ങൾ ദേശീയ സമ്പത്താണെന്നും, അവ രാജ്യത്തിന്റെ ദേശീയ സമ്പദ്‌ഘടനയിലേക്ക് സംഭാവന ചെയ്യുന്നതായും അതോറിറ്റി വ്യക്തമാക്കി. ജീവശാസ്ത്രപരമായതും, സാംസ്കാരികപരമായതുമായ വൈവിധ്യം പ്രകടമാക്കുന്ന സംരക്ഷിത പ്രകൃതി പ്രദേശങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നതായി അതോറിറ്റി കൂട്ടിച്ചേർത്തു.

ഇക്കോ ടൂറിസം പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് താത്‌പര്യമുള്ള സ്ഥാപനങ്ങൾ, നിക്ഷേപകർ തുടങ്ങിയവർക്ക് ഒമാനിലെ സംരക്ഷിത പ്രകൃതി പ്രദേശങ്ങളിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നതിന് അവസരം നൽകുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നേച്ചർ കൺസർവേഷനിലെ എൻവിറോണ്മെന്റ് സിസ്റ്റംസ് സ്പെഷ്യലിസ്റ്റ് സഹ്‌റ ബിൻത് ഖലാഫ് അൽ ശർഖി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ സൗലി, ദഹറീസ്, ഖോർ അൽ ഖുറം അൽ കബീർ എന്നീ സംരക്ഷിത കായൽ മേഖലകളിൽ ഇത്തരത്തിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് അതോറിറ്റി പുറത്തിറക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അൽ സലീൽ നാഷണൽ പാർക്കിലെ സഫാരി പദ്ധതിയുടെ നിർമ്മാണം അടുത്ത് തന്നെ പൂർത്തിയാകുമെന്നും അവർ അറിയിച്ചു.

Images: Oman News Agency.