സേവനകേന്ദ്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

GCC News

ജൂലൈ 1 മുതൽ തുറന്ന് കൊടുക്കുന്ന സേവനകേന്ദ്രങ്ങളിൽ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ റോയൽ ഒമാൻ പോലീസ് (ROP) പുറത്തിറക്കി. രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന, ROP-യുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1, ബുധനാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ ജൂൺ 24-നു അറിയിച്ചിരുന്നു.

ഇതോടെ മാർച്ച് 19 മുതൽ നിർത്തിവെച്ചിരുന്ന വിസ നടപടികൾ, വിസ സ്റ്റാമ്പിങ്ങ്, റെസിഡന്റ് കാർഡ്, ട്രാഫിക് സേവനങ്ങൾ മുതലായവയെല്ലാം, ജനങ്ങൾക്ക് ജൂലൈ മുതൽ ലഭ്യമാകുന്നതാണ്.

റോയൽ ഒമാൻ പോലീസ് സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
  • സേവനകേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ, മുഴുവൻ സമയവും മാസ്കുകൾ, കയ്യുറകൾ എന്നിവ ധരിക്കേണ്ടതാണ്.
  • 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
  • കഴിയുന്നതും ഇത്തരം സേവനങ്ങൾക്കായി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് സേവന കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും, ഇത്തരക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ROP വ്യക്തമാക്കി.