എമിറേറ്റിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും, ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി. സുരക്ഷിതമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നിർദേശങ്ങൾ നൽകിയിട്ടുള്ളത്.
ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:
- കൈകൾ സ്പർശിക്കാനിടയുള്ള ഇടങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം.
- കൈകൾ ഇടയ്ക്കിടെ ശുചിയാക്കേണ്ടതാണ്. ഇതിനായി സോപ്പ്, വെള്ളം അല്ലെങ്കിൽ സാനിറ്റൈസറുകൾ എന്നിവ ഉപയോഗിക്കാം.
- ഉപഭോക്താക്കൾക്കായി സ്ഥാപനങ്ങളുടെ പ്രവേശന കവാടത്തിൽ സാനിറ്റൈസറുകൾ ഒരുക്കണം.
- മുഴുവൻ സമയങ്ങളിലും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്. അവ ശരിയായ വിധത്തിൽ ധരിക്കേണ്ടതാണ്.
- സമ്പർക്കം ഒഴിവാക്കുന്നതിനായി 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
ഇത്തരം സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ:
- ഷോപ്പിംഗ് ബാഗുകൾ കൈവശം കരുതണം.
- ഷോപ്പിംഗ് കാർട്ടുകൾ ഉപയോഗിക്കുന്നതിനു മുൻപും, ശേഷവും കൈകൾ ശുചിയാക്കേണ്ടതാണ്.
- വ്യാപാരശാലകളിലെ പെർഫ്യൂം, വസ്ത്രങ്ങൾ, ചെരിപ്പുകൾ, കോസ്മറ്റിക്സ് മുതലായ സാധനങ്ങൾ വാങ്ങുന്നതിനു മുൻപായി ഉപയോഗിച്ച് നോക്കരുത്.
- ഭക്ഷണശാലകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്പൂണുകൾ മുതലായ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. സമൂഹ അകലം ഉറപ്പാക്കണം.
- പണമിടപാടുകൾക്കായി ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- ഷോപ്പിങ്ങിനു ശേഷം വീടുകളിലെത്തുമ്പോൾ വാങ്ങിച്ച സാധനങ്ങൾ ശുചിയാക്കേണ്ടതാണ്. കൈകൾ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് ശുചിയാക്കണം.
ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ആഹ്വാനം ചെയ്തിട്ടുണ്ട്.