അബുദാബി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

UAE

പുതിയ അധ്യയന വർഷത്തിൽ അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിപ്പ് നൽകി. വിദ്യാലയങ്ങളിലെ ജീവനക്കാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ഈ പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കാനും ADEK നിർദ്ദേശിച്ചു.

എല്ലാ വിദ്യാലയങ്ങളിലും അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപും, കൃത്യമായ ഇടവേളകളിലും സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി അധികൃതർ വിദ്യാലയങ്ങൾ സന്ദർശിച്ച് പരിശോധനകൾ നടത്തുന്നതാണെന്നും ADEK അറിയിച്ചു.

അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ADEK നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • പുതിയ അധ്യയന വർഷത്തിൽ എല്ലാ അധ്യാപകർക്കും, 12 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും COVID-19 ടെസ്റ്റിംഗ് നിർബന്ധമാണ്.
  • വിദ്യാലയങ്ങളിൽ മുഴുവൻ സമയവും ചുരുങ്ങിയത് 1.5 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
  • ഓരോ ക്ലാസ്സ് മുറികളിലും അനുവദനീയമായ പരമാവധി വിദ്യാർത്ഥികളുടെ എണ്ണം 15 ആയി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
  • എല്ലാ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ശരീരോഷ്മാവ് ദിനവും പരിശോധിച്ച് രേഖപ്പെടുത്തേണ്ടതാണ്.
  • എല്ലാ അധ്യാപകർക്കും, 6 വയസ്സിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും മാസ്കുകൾ നിർബന്ധമാണ്.
  • കായിക വിനോദങ്ങൾ, പാഠ്യേതരമായ മറ്റു പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്.
  • സമൂഹ അകലം, ഒത്തുചേരലുകൾ എന്നിവ പരമാവധി ഒഴിവാക്കുന്നതിനായി വിവിധ ക്ലാസ്സുകളുടെ ഇടവേളകൾ വ്യത്യസ്ത സമയങ്ങളിലേക്ക് നിജപ്പെടുത്തണം.
  • എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പെട്ടന്ന് ശ്രദ്ധയിൽപ്പെടുന്ന വണ്ണം വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്.

അബുദാബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ട് ഹാജരാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ADEK, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി എന്നിവർ സംയുക്തമായി അനുമതി നൽകിയിരുന്നു.