ഒമാൻ: ഏപ്രിൽ 17 മുതൽ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

GCC News

2021 ഏപ്രിൽ 17 മുതൽ മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് താത്കാലികമായി നിർത്തലാക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ റൂട്ട് 100-ലെ പൊതു ഗതാഗത സേവനങ്ങൾ നിർത്തലാക്കിയതായാണ് മുവാസലാത്ത് അറിയിച്ചിട്ടുള്ളത്.

2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ച സാഹചര്യത്തിലാണിത്. “റൂട്ട് 100-ലെ (മസ്‌കറ്റ് – സലാല) എല്ലാ ബസ് സർവീസുകളും ഏപ്രിൽ 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ തീരുമാനിച്ച വിവരം ഞങ്ങൾ പ്രിയപ്പെട്ട ഉപഭോക്താക്കളെ അറിയിക്കുന്നു.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ദോഫാർ ഗവർണറേറ്റിൽ ഏപ്രിൽ 17 മുതൽ ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ വിലക്കിയിട്ടുണ്ട്. ഗവർണറേറ്റിലെ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ദിനവും നിയന്ത്രണങ്ങൾ കൂടുതൽ നേരത്തേക്ക് ഏർപ്പെടുത്താനുള്ള ഈ തീരുമാനം.