ഇന്ത്യ–ഒമാൻ എയർ ബബിൾ: സലാം എയർ ഒക്ടോബർ 8 മുതൽ ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു

GCC News

ഇന്ത്യ–ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി, മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 6 ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് സലാം എയർ അറിയിച്ചു. കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ജയ്‌പൂർ, ലക്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

https://twitter.com/SalamAir/status/1312916410872594432

ഒക്ടോബർ 8 മുതൽ നവംബർ അവസാനം വരെയാണ് ഈ കരാറിന്റെ അടിസ്ഥനത്തിൽ സലാം എയർ സർവീസുകൾ നടത്തുന്നത്. മസ്കറ്റിൽ നിന്ന് പ്രതിവാരം 2 സർവീസുകൾ വീതമാണ് ഈ നഗരങ്ങളിലേക്കും, തിരികെയും പ്രഖ്യാപിച്ചിട്ടുള്ളത്.

https://www.salamair.com/en/ എന്ന വിലാസത്തിൽ യാത്രാ ടിക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം ലഭ്യമാണ്. ഇതിനു പുറമെ അംഗീകൃത ഏജൻസികളിൽ നിന്നും, സലാം എയർ കാൾ സെന്ററുകളിൽ നിന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

“എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള വ്യോമയാന സേവനങ്ങളുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിലവിൽ ഈ കരാർ പ്രകാരമുള്ള സർവീസുകൾ താത്കാലികമാണെങ്കിലും, ഇന്ത്യയിലേക്കുള്ള യാത്രാ സേവനങ്ങൾ സാധാരണ നിലവിൽ തുടരാനാകുമെന്നതിൽ ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമുണ്ട്. സഞ്ചാരികളുടെയും, പ്രവാസികളുടെയും എണ്ണത്താൽ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ മുഴുവൻ വ്യോമയാന സേവനദാതാക്കളുടെയും ഏറ്റവും പ്രാധാന്യമുള്ള ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലേക്ക് സ്ഥിരമായി വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടികളും ഞങ്ങൾ അധികൃതരുമായി നടപ്പിലാക്കിവരികയാണ്.”, സലാം എയർ CEO ക്യാപ്റ്റൻ മുഹമ്മദ് അഹ്മദ് വ്യക്തമാക്കി.

ഒമാൻ പൗരന്മാർ, സാധുതയുള്ള ഒമാൻ റെസിഡൻസി വിസയുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്ക് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് ഈ വിമാനങ്ങളിൽ സഞ്ചരിക്കാവുന്നതാണ്. ഒമാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ഒമാൻ പാസ്സ്‌പോർട്ട് ഉള്ളവർ, ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഒമാൻ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ) എന്നീ വിഭാഗക്കാർക്ക് ഒമാനിൽ നിന്ന് സലാം എയർ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കൊച്ചി ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒക്ടോബർ 8 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.