വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന സ്റ്റേഡിയങ്ങളിൽ മദ്യ വില്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതായി ഫിഫ അറിയിച്ചു. 2022 നവംബർ 18-ന് വൈകീട്ടാണ് ഫിഫ മീഡിയ വിഭാഗം ഇക്കാര്യം അറിയിച്ചത്.
ഖത്തർ അധികൃതരും, ഫിഫയും നടത്തിയ ഔദ്യോഗിക ചർച്ചകൾക്ക് ശേഷമാണ് ലോകകപ്പ് സ്റ്റേഡിയങ്ങളിലും, പരിസരങ്ങളിലും ബിയർ ഉൾപ്പടെയുള്ള ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ വേദികൾ, മറ്റു ഫാൻ സോണുകൾ, പ്രത്യേക ലൈസൻസ് ലഭിച്ചിട്ടുള്ള മറ്റു വേദികൾ എന്നിവിടങ്ങളിൽ മദ്യം ലഭ്യമാക്കുമെന്ന് ഫിഫ മീഡിയ വിഭാഗം അറിയിച്ചിട്ടുണ്ട്.
വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന സ്റ്റേഡിയങ്ങളുടെ പരിസരങ്ങളിലെ ബിയർ വില്പനകേന്ദ്രങ്ങൾ ഒഴിവാക്കിയതായി ഫിഫ സ്ഥിരീകരിച്ചു. നോൺ ആൽക്കഹോളിക് പാനീയമായ ബഡ് സീറോയുടെ വില്പനയ്ക്ക് ഈ തീരുമാനം തടസ്സമല്ലെന്നും ഫിഫ അറിയിച്ചു.