മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് പ്രവേശനാനുമതി

Saudi Arabia

മറ്റുരാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കരമാർഗം പ്രവേശിച്ച് കടന്നു പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു. രാജ്യത്തെ കരമാർഗമുള്ള അതിർത്തികളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

https://twitter.com/SaudiCustoms/status/1299022704209735688

ഈ തീരുമാനപ്രകാരം എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ട്രക്കുകൾക്കും സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് രോഗലക്ഷണങ്ങൾ പ്രകടമാണോ എന്നത് മാത്രമാണ് ഈ തീരുമാനപ്രകാരം പരിശോധിക്കുന്നത്.

സൗദിയിലേക്ക് മറ്റു ജി സി സി രാജ്യങ്ങളിൽ നിന്ന് വാണിജ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകൾക്ക് രാജ്യത്തെ എല്ലാ കരമാർഗമുള്ള അതിർത്തി കവാടങ്ങളിലൂടെയും പ്രവേശനം അനുവദിക്കാൻ ഓഗസ്റ്റ് 4-നു സൗദി കസ്റ്റംസ് തീരുമാനിച്ചിരുന്നു. സൗദിയുമായി കരമാർഗമുള്ള അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് യാത്രചെയ്യുന്ന സൗദി പൗരന്മാർ, അവരുടെ വിദേശികളായ ബന്ധുക്കൾ എന്നിവർക്ക് കരമാർഗമുള്ള അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.