സൗദി അറേബ്യയിൽ 1351 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 30-നു അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ COVID-19 രോഗബാധിതരുടെ എണ്ണം 22753 ആയി.
ഇന്ന് 210 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 3163 പേരാണ് സൗദിയിൽ രോഗമുക്തി നേടിയത്. നിലവിൽ 123 പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസ് രോഗബാധിതരായി ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ COVID-19 നെ തുടർന്നുള്ള ആകെ മരണം 162 ആയി.
ഖാതിഫിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ
അതേ സമയം ലോക്ക്ഡൗണിൽ തുടർന്നിരുന്ന ഖാതിഫിൽ, നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് കൊണ്ട് ഉത്തരവായി. ഇളവുകൾ നൽകിയതോടെ ഖാതിഫിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നതിനു അനുവാദമുണ്ടായിരിക്കും.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഖാതിഫിനകത്ത് യാത്രാനുമതിയുണ്ടായിരിക്കും. കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെ ഏതാനം വാണിജ്യ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ടായിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.