രാജ്യത്തെ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് (SAMA) അറിയിപ്പ് നൽകി. ഇതോടൊപ്പം ബാങ്കുകളുടെ ഈദുൽ ഫിത്ർ, ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ചും SAMA അറിയിപ്പ് നൽകിയിട്ടുണ്ട്.
റമദാനിൽ ബാങ്കുകൾ ദിനവും രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ പ്രവർത്തിക്കുന്നതാണ്. ഫോറിൻ എക്സ്ചേഞ്ച് സേവനകേന്ദ്രങ്ങൾ ദിനവും രാവിലെ 9.30-നും വൈകീട്ട് 5.30-നും ഇടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിൾ രീതിയിൽ പ്രവർത്തിക്കുന്നതാണ്.
ബാങ്കുകളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ ഏപ്രിൽ 28-ന് വൈകീട്ട് മുതൽ ആരംഭിക്കുന്നതാണ്. അവധിയ്ക്ക് ശേഷം മെയ് 8-ന് ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
ബാങ്കുകളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 6-ന് വൈകീട്ട് ആരംഭിക്കുമെന്നും SAMA അറിയിച്ചിട്ടുണ്ട്. ഈദുൽ അദ്ഹ അവധിയ്ക്ക് ശേഷം ജൂലൈ 13-ന് ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി മക്ക, മദീന എന്നിവിടങ്ങളിലെ ബാങ്ക് ഓഫീസുകൾ, ബ്രാഞ്ചുകൾ എന്നിവ ഹജ്ജ് തീർത്ഥാടന കാലയളവിൽ മുഴുവൻ ദിനങ്ങളിലും (വാരാന്ത്യങ്ങളിൽ ഉൾപ്പടെ) പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.