രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക്, ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി ഒരു പ്രത്യേക തീരുവ ചുമത്താൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനം പ്രകാരം, നാല് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന സൗദി പൗരന്മാരിൽ നിന്ന് വാർഷിക ഫീസ് ഇനത്തിൽ ഓരോ ജീവനക്കാരനും 9600 റിയാൽ ഈടാക്കുന്നതാണ്. രണ്ട് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകൾക്ക് രണ്ടിൽ കൂടുതൽ വരുന്ന ഓരോ ഗാർഹിക ജീവനക്കാർക്കും ഇതേ തുക പ്രത്യേക ഫീസ് ആയി നൽകേണ്ടി വരുന്നതാണ്.
ഓരോ തൊഴിലുടമയും അവർക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ (സൗദി പൗരന്മാർക്ക് 4, വിദേശികൾക്ക് 2) കൂടുതലായി നിയമിക്കുന്ന ഓരോ ഗാർഹിക ജീവനക്കാർക്കും ഈ പ്രത്യേക ഫീസ് നൽകേണ്ടി വരുന്നതാണ്. എന്നാൽ ഈ തീരുമാനത്തിൽ മാനുഷിക പരിഗണന ആവശ്യമാകുന്ന സാഹചര്യങ്ങളിൽ ചില പ്രത്യേക ഇളവുകൾക്കുള്ള വ്യവസ്ഥകൾ അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം, അസുഖബാധിതരായ കുടുംബാംഗങ്ങളുടെയും, അംഗപരിമിതരായ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിചരണത്തിനായി നിയമിക്കുന്ന ജീവനക്കാർക്ക് ഏതാനം വ്യവസ്ഥകളോടെ ഈ ഫീസ് ഒഴിവാക്കുന്നതാണ്.