രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്ത അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ സംബന്ധിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2022 മെയ് 17-ന് രാത്രിയാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അക്കാദമിക് കലണ്ടർ പ്രകാരം, വിദ്യാലയങ്ങളുടെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തന രീതിയിൽ ഏതാനം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രവർത്തിദിനങ്ങളുടെ എണ്ണം, അവധികളുടെ എണ്ണം തുടങ്ങിയവ ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
ഈ അക്കാദമിക് കലണ്ടർ പ്രകാരം 2022 ഓഗസ്റ്റിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തെ പ്രവർത്തനം സംബന്ധിച്ച് താഴെ പറയുന്ന പ്രധാന തീരുമാനങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- അടുത്ത അധ്യയന വർഷത്തിൽ ആകെ പ്രവർത്തിദിവസങ്ങളുടെ എണ്ണം 185 ദിനങ്ങളായി ഉയർത്തിയിട്ടുണ്ട്. നിലവിൽ ഇത് 183 പ്രവർത്തി ദിനങ്ങൾ എന്ന രീതിയിലാണ് പിന്തുടരുന്നത്.
- പുതിയ അധ്യയന വർഷത്തിൽ ആകെ വെക്കേഷനുകളുടെ എണ്ണം 12-ൽ നിന്ന് 10-ആക്കി കുറയ്ക്കുന്നതാണ്.
- ഈദുൽ ഫിത്ർ അവധി റമദാൻ 22 മുതൽ ആരംഭിക്കുന്നതാണ്. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം വിദ്യാലയങ്ങളുടെ പ്രവർത്തനം ശവ്വാൽ 6 മുതൽ ആരംഭിക്കുന്നതാണ്.
- പുതിയ അധ്യയന വർഷത്തിൽ മൂന്ന് സെമസ്റ്ററിലുമായി ആകെ 56 അവധിദിനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ അധ്യയന വർഷത്തിൽ ഇത് 69 ദിവസങ്ങളാണ്.
- സൂപ്പർവൈസർ, എഡ്യൂക്കേഷൻ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെയുള്ള സ്‌കൂൾ ജീവനക്കാരുടെ പ്രവർത്തിദിനങ്ങൾ 2022 ഓഗസ്റ്റ് 22 മുതൽ ആരംഭിക്കുന്നതാണ്.
- അധ്യാപകരുടെ പ്രവർത്തിദിനങ്ങൾ 2022 ഓഗസ്റ്റ് 28 മുതൽ ആരംഭിക്കുന്നതാണ്. ഇതേ ദിവസം തന്നെയാണ് വിദ്യാർത്ഥികൾക്കും പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.
- 2022 ഓഗസ്റ്റ് 28 മുതൽ ആരംഭിക്കുന്ന ആദ്യ സെമസ്റ്റർ 2022 നവംബർ 24-ന് അവസാനിക്കുന്നതാണ്.
- 2022 ഡിസംബർ 4 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ 2023 മാർച്ച് 2-ന് അവസാനിക്കുന്നതാണ്.
- 2023 മാർച്ച് 12 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ 2023 ജൂൺ 22-ന് അവസാനിക്കുന്നതാണ്.