സൗദിയിലെ വിവിധ വിനോദകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറായതായി ജനറൽ അതോറിറ്റി ഓഫ് എന്റർടൈൻമെന്റ് (GEA) അറിയിച്ചു. രാജ്യത്തെ അമ്യൂസ്മെന്റ് പാർക്കുകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ, വിനോദ പരിപാടികൾ എന്നിവ പുനരാരംഭിക്കുന്നതിനുള്ള പെരുമാറ്റച്ചട്ടങ്ങളും, നിർദ്ദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ, GEA ചെയർമാൻ തുർക്കി അൽ അൽ-ഷെയ്ഖ് ജൂലൈ 12-നാണ് പങ്ക് വെച്ചത്.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാർച്ച് മുതൽ സൗദിയിലെ വിനോദമേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഇത്തരം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന് തയാറാകുന്നതിനുള്ള നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.
സൗദിയിലെ അമ്യൂസ്മെന്റ് പാർക്കുകൾ ഉൾപ്പടെയുള്ള വിനോദകേന്ദ്രങ്ങൾ തുറന്നു കൊടുക്കുന്നതിനുള്ള കൃത്യമായ തീയതികൾ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ, സമൂഹ അകലം എന്നിവ പാലിച്ച് കൊണ്ട് സന്ദർശകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള വിവിധ നിർദ്ദേശങ്ങളാണ് ഇത്തരം കേന്ദ്രങ്ങൾക്ക് നൽകിയിട്ടുള്ളത്.