സൗദി അറേബ്യ: ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് ഹജ്ജ് മന്ത്രാലയം

GCC News

ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ദുൽ ഖഅദ് 15-ന് ശേഷം ഉംറ പെർമിറ്റുകൾ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. 2023 മെയ് 21-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപുള്ള ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന അവസാന തീയതി ദുൽ ഖഅദ് 15 ആണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഈ തീരുമാനം.

ഉംറ വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദമില്ലെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2023 മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Cover Image: Saudi Press Agency. [First batch of Hajj pilgrims for 2023 season arrives]