സൗദി അറേബ്യ: രണ്ട് COVID-19 വാക്സിനുകൾക്ക് കൂടി ഔദ്യോഗിക അനുമതി നൽകി

Saudi Arabia

നിലവിൽ സൗദിയിൽ COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്ന ഫൈസർ വാക്സിന് പുറമെ മറ്റു രണ്ട് വാക്സിനുകൾക്ക് കൂടി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോഡേണ, ആസ്ട്രസെനക്ക എന്നിവർ തയ്യാറാക്കുന്ന COVID-19 വാക്സിൻ കൂടി പൊതു ജനങ്ങൾക്ക് ലഭ്യമാക്കാൻ സൗദി തീരുമാനിച്ചതായാണ് സൂചന.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, ജനജീവിതം സാധാരണ രീതിയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. മറ്റൊരു COVID-19 വാക്സിനു കൂടി രാജ്യത്ത് ഔദ്യോഗിക റജിസ്‌ട്രേഷൻ നൽകുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം 2020 ഡിസംബർ അവസാനം അറിയിച്ചിരുന്നു. ഇപ്പോൾ ലഭ്യമാകുന്ന സൂചനകൾ വെച്ച് മോഡേണ, ആസ്ട്രസെനക്ക വാക്സിനുകൾക്ക് കൂടി ആരോഗ്യ മന്ത്രാലയം രാജ്യത്ത് ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകിയിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ നിവാസികൾക്ക് ഈ വാക്സിൻ ഉപയോഗിച്ച് കൊണ്ടുള്ള COVID-19 വാക്സിനേഷൻ നടപടികൾ സൗദി അറേബ്യയിൽ 2020 ഡിസംബർ 17 മുതൽ ആരംഭിച്ചിരുന്നു.