‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയുടെ സംസ്കാരം, നാടോടിക്കഥകൾ എന്നിവയിൽ കാപ്പിയുടെ പ്രാധാന്യത്തെ എടുത്ത് കാട്ടുന്നതാണ് ‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതി. സൗദി പ്രാദേശിക കാപ്പിയുടെ ആധികാരിക രുചി ആഘോഷിക്കുന്നതിനായി 2022 വർഷം ‘ഇയർ ഓഫ് സൗദി കോഫീ’ എന്ന രീതിയിൽ ആചരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. സൗദി പൊതുസമൂഹത്തിൽ കാപ്പിയ്ക്കുള്ള പ്രാധാന്യം, സൗദി ജീവിതരീതിയിൽ അതിനുള്ള സ്ഥാനം എന്നിവ പരിശോധിക്കുന്ന ഈ ഹ്രസ്വചിത്രം സൗദി കാപ്പിയുടെ തനത് സ്വാദ്, സൗദി കാപ്പിയുടെ വിവിധ വകഭേദങ്ങൾ, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കാപ്പിയുടെ വിശേഷങ്ങൾ തുടങ്ങിയ വിവരങ്ങൾ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാപ്പി കൃഷിചെയ്യുന്ന ഇടങ്ങളിലൊന്നാണ് സൗദി അറേബ്യയിലെ തെക്കൻ മേഖലയിലെ ജസാൻ പ്രദേശം. യെമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം ‘ഗ്രീൻ ഗോൾഡ് ഓഫ് ജസാൻ’ എന്ന പേരിലറിയപ്പെടുന്ന ഖവ്ലാനി കാപ്പിക്കുരുവിന് ഏറെ പ്രശസ്തമാണ്. ഉയർന്ന നിലവാരമുള്ള ഈ കാപ്പി സൗദി സംസ്കാരത്തിന്റെ ഭാഗമാണ്.
‘ഇയർ ഓഫ് സൗദി കോഫീ’ എന്ന പദ്ധതിയുടെ ലോഗോ, വെബ്സൈറ്റ് എന്നിവ സൗദി സാംസ്കാരിക മന്ത്രാലയം 2021 ഡിസംബർ 31-ന് പ്രകാശനം ചെയ്തിരുന്നു.
സൗദി ആതിഥ്യമര്യാദയുടെയും, ഉദാരതയുടെയും അടയാളമായി കണക്കാക്കുന്ന ‘ഫിൻജൽ’ എന്ന ചെറു കാപ്പിക്കപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഇയർ ഓഫ് സൗദി കോഫീ’ പദ്ധതിയുടെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
Images: Saudi Press Agency.