സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ അവസാനിച്ചു

GCC News

സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് 2022 ജൂൺ 11-ന് അവസാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 390000-ത്തിലധികം ആഭ്യന്തര രജിസ്‌ട്രേഷൻ അപേക്ഷകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂൺ 12, ഞായറാഴ്ച മുതൽ SMS സന്ദേശത്തിലൂടെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്. ഒന്നരലക്ഷത്തോളം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി.

ഇതുവരെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാത്തവർക്കായിരിക്കും ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനും, ഫീസ് അടയ്ക്കുന്നതിനും 48 മണിക്കൂർ സമയം ലഭിക്കുന്നതാണ്.

ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകളുടെ നിരക്കിൽ കുറവ് വരുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 ജൂൺ 10-ന് വൈകീട്ട് അറിയിച്ചിരുന്നു.