സൗദി അറേബ്യയിൽ COVID-19 വ്യാപനത്തിന്റെ തോത് വിശകലനം ചെയ്യുന്നതിനും, രോഗ വ്യാപനം തടയുന്നതിനുമായുള്ള പരിശോധനകളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാം ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിച്ചുള്ള COVID-19 പരിശോധനകൾ ഉണ്ടായിരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലായ പ്രത്യേക പരിശോധനാ സംവിധാനങ്ങൾ വഴിയായിരിക്കും COVID-19 ടെസ്റ്റുകൾ നടത്തുന്നത്. സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും ഓൺലൈനിലൂടെ ഇത്തരം കേന്ദ്രങ്ങളിൽ ടെസ്റ്റുകൾ നടത്തുന്നതിന് ബുക്കിങ് സേവനങ്ങൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ജനവാസം ഏറിയ ഇടങ്ങളിലും, തൊഴിലാളികളുടെ താമസ ഇടങ്ങളിലുമാണ് സൗദിയിൽ ആദ്യ ഘട്ടത്തിൽ പരിശോധനകൾ നടത്തിയിരുന്നത്. രണ്ടാം ഘട്ടത്തിൽ സൗദി നിവാസികൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സ്മാർട്ഫോൺ ആപ്പ് വഴി പരിശോധനകൾ ലഭ്യമാക്കിയിരുന്നു.