2030-തോടെ രാജ്യത്ത് പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് വ്യക്തമാക്കി. വിനോദസഞ്ചാരമേഖലയിൽ സൗദി വലിയ പുരോഗതിയാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 2019-ൽ മാത്രം ഏതാണ്ട് 40 ദശലക്ഷം വിനോദസഞ്ചാരികളാണ് സൗദിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിലെ ടൂറിസം മേഖലയിലെ ഭാവി നയങ്ങളെക്കുറിച്ച് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ടൂറിസം ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ രാജ്യത്ത് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള അഞ്ച് പദ്ധതികളുടെ വിവരങ്ങൾ താമസിയാതെ ടൂറിസം മന്ത്രാലയം പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവ നടപ്പിലാകുന്നതോടെ ആഗോളതലത്തിൽ ടൂറിസം മേഖലയിൽ നിലവിൽ ഇരുപത്തിയൊന്നാം സ്ഥാനത്തുള്ള സൗദി അറേബ്യ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ രാജ്യത്തെത്തുന്ന സഞ്ചാരികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള പട്ടികയിലാണ് സൗദി അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ലക്ഷ്യമിടുന്നത്.
സൗദിയിലെ പ്രകൃതി ഒരുക്കുന്ന വൈവിധ്യങ്ങൾ രാജ്യത്തെ ഇതിനു പ്രാപ്തമാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊണ്ട് കൂട്ടിച്ചേർത്തു. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ചരിത്ര അവശേഷിപ്പുകൾ ഉൾപ്പടെ നൂറോളം പൈതൃക ഇടങ്ങൾ, മനോഹരമായ കടൽത്തീരങ്ങൾ എന്നിവ ആഗോളതലത്തിൽ ടൂറിസം രംഗത്തെ മികച്ച ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് സൗദിയെ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.