2022 ഫെബ്രുവരി മുതൽ ഇതുവരെയുള്ള കാലയളവിൽ ഇരുപത്തിമൂന്ന് ദശലക്ഷത്തിലധികം ഉംറ പെർമിറ്റുകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് എൻജിനീയർ ഹിഷാം അൽ സഈദിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി മുതൽ COVID-19 നിയന്ത്രണങ്ങളിൽ സൗദി കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു.
ഏതാണ്ട് 56 രാജ്യങ്ങളിൽ നിന്നുള്ളവർ ഉംറ പെർമിറ്റ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇവർക്ക് പുറമെ സൗദിയിൽ തന്നെയുള്ള പൗരന്മാർ, പ്രവാസികൾ, സന്ദർശകർ തുടങ്ങിയവരും ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഉംറ അനുഷ്ഠിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ നിലവിൽ ലഭ്യമാണെന്നും, എത്ര വലിയ തിരക്കും നിയന്ത്രിക്കുന്നതിനും സൗദി അറേബ്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ എൻട്രി വിസകളിലുള്ളവർക്കും ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
സാധുതയുള്ള ഉംറ പെർമിറ്റുകളില്ലാതെ ഉംറ തീർത്ഥാടനത്തിനായെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം 2022 ഏപ്രിൽ 2-ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.