റമദാനിൽ പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് വിലക്കേർപ്പെടുത്തി. റമദാൻ മാസത്തിൽ പള്ളികളിൽ നടപ്പിലാക്കേണ്ടതായ മാനദണ്ഡങ്ങൾ സംബന്ധിച്ച് മന്ത്രാലയം 2022 മാർച്ച് 23-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- റമദാനിൽ പള്ളികളിൽ പ്രാർത്ഥനകൾ നടക്കുന്ന വേളയിൽ ഇമാം, വിശ്വാസികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള ദൃശ്യങ്ങൾ കാമറകൾ ഉപയോഗിച്ച് പകർത്തുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- പള്ളികളിൽ നിന്നുള്ള പ്രാർത്ഥനകൾ വിവിധ മാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
- ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ താത്പര്യപ്പെടുന്നവർ ഇതിനായി മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി നേടേണ്ടതാണ്.
- പള്ളികളിലെത്തുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്നവർ അതാത് പള്ളികളിലെ ഇമാമുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം മാത്രം ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
- ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഭക്ഷണം പാഴാക്കിക്കളയുന്ന ശീലങ്ങൾ, ധാരാളിത്തം പ്രകടമാക്കുന്ന രീതിയിലുള്ള വിരുന്നുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
- മുനിസിപ്പാലിറ്റിയിൽ നിന്നുള്ള ലൈസൻസുകളുള്ള വ്യാപാരശാലകളിൽ നിന്നായിരിക്കണം ഇഫ്താർ വിരുന്നിനുള്ള ഭക്ഷണപദാർത്ഥങ്ങൾ വാങ്ങേണ്ടത്.
- ഇഫ്താർ വിരുന്നിനൊപ്പം മത പ്രസംഗം നടത്തുന്നതിന് ലൈസൻസ് നേടേണ്ടതാണ്.
- ഇഫ്താർ ടെന്റുകളുടെ നിർമ്മിതി അധികൃതർ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം. ടെന്റുകൾ സ്ഥാപിക്കുന്നതിന് സിവിൽ ഡിഫെൻസിൽ നിന്നുള്ള അനുമതി ആവശ്യമാണ്.