രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്കായുള്ള പ്രത്യേക ഡിജിറ്റൽ ഐ ഡി സേവനം പ്രവർത്തനമാരംഭിച്ചതായി സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്സ്പോർട്സ് അറിയിച്ചു. 2023 ജനുവരി 2-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷെർ അഫ്രാദ് (വ്യക്തികൾക്കുള്ള അബ്ഷെർ) സംവിധാനത്തിൽ നിന്ന് ഈ സേവനം ലഭ്യമാണ്. ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡൻറിറ്റി രേഖ പരിശോധിക്കാവുന്നതാണ്.
ഈ ഐഡന്റിറ്റിയിൽ നൽകിയിട്ടുള്ള വിവരങ്ങൾ കാണുന്നതിനും, ഈ വിവരങ്ങൾ ഉപയോഗിക്കുന്നതിനും, ആവശ്യങ്ങൾക്കായി ഇതിന്റെ ഒരു പകർപ്പ് എടുത്ത് സൂക്ഷിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. അബ്ഷെർ അഫ്രാദ് സംവിധാനത്തിൽ നിന്നുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ഡിജിറ്റൽ ഐഡൻറിറ്റിയുടെ ഫോട്ടോ സൗദിയിൽ സുരക്ഷാ പരിശോധനകളുടെ വേളയിൽ ഉപയോഗിക്കാമെന്നും, ഇതിനായി ഇത്തരം ഐഡിയുടെ പ്രിന്റ് ചെയ്ത കോപ്പി ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.