സൗദി: ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേർ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു; മദീനയിൽ വാക്സിനേഷൻ കേന്ദ്രം തുറന്നു

GCC News

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി 295000-ത്തിൽ പരം ആളുകൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദൽ അലി അറിയിച്ചു. കൊറോണ വൈറസ് സാഹചര്യവുമായി ബന്ധപ്പെട്ടുള്ള പ്രതിദിന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ രീതിയിലേക്ക് തിരികെ എത്തിക്കുന്നതിൽ COVID-19 വാക്സിൻ പ്രധാന പങ്ക് വഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്സിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാഷണൽ ഐഡി, റെസിഡൻസി പെർമിറ്റ് എന്നിവ കൈവശമുള്ള സൗദി പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് രാജ്യത്ത് വാക്സിനേഷനിൽ പങ്കെടുക്കാമെന്നും അദ്ദേഹം ആവർത്തിച്ചു. ഇവർക്ക് വാക്സിൻ സ്വീകരിക്കുന്നതിനായുള്ള രെജിസ്ട്രേഷൻ ‘Sehhaty’ ആപ്പിലൂടെ പൂർത്തിയാക്കാവുന്നതാണ്.

മദീനയിലെ വാക്സിനേഷൻ നടപടികൾക്ക് തുടക്കമായി

മദീനയിലെ COVID-19 വാക്സിനേഷൻ കേന്ദ്രം, കിംഗ് ഫഹദ് ജനറൽ ഹോസ്പിറ്റലിന് സമീപം നുജൂദ് മെഡിക്കൽ സെന്ററിൽ ജനുവരി 17 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ രോഗബാധയേറ്റ് മരണമടഞ്ഞ നഴ്‌സ് നുജൂദ് ഖലീൽ അൽ ഖൈബാരിയുടെയും, മറ്റു ആരോഗ്യ പ്രവർത്തകരുടെയും വിശിഷ്‌ടമായ സേവനങ്ങളുടെയും, ത്യാഗത്തിന്റെയും പ്രതീകമായാണ് നുജൂദ് മെഡിക്കൽ സെന്ററിന് ആ പേര് നൽകി സൗദി ആദരിച്ചത്.

മദീനയിലെ എമിർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി എമിർ പ്രിൻസ് സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ എന്നിവർ മദീനയിലെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചു. ഈ കേന്ദ്രത്തിൽ അഞ്ച് പവലിയനുകളാണ് വാക്സിനേഷൻ നടപടികൾക്കായി ആരംഭിച്ചിട്ടുള്ളത്. ഓരോ പവലിയനിലും അഞ്ച് വാക്സിനേഷൻ സ്റ്റേഷനുകൾ വീതമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനായി രണ്ട് പ്രത്യേക പവലിയനുകളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

മദീന ഉൾപ്പടെ ഇതുവരെ സൗദിയിലെ നാല് നഗരങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. നേരത്തെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ ഇത്തരം വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിരുന്നു.