സൗദി: വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾ രാജ്യത്തെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

GCC News

സൗദി അറേബ്യയിലെ റോഡുകളിൽ ചരക്കുഗതാഗതത്തിനായി വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 മെയ് 10-ന് പുറത്തിറക്കിയ അറിയിപ്പിലൂടെ ഇത്തരം വാഹനങ്ങൾ സൗദിയിലെ ചരക്കുഗതാഗത നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് സൗദി നഗരങ്ങളിലേക്കും, സൗദി അറേബ്യയിലെ റോഡുകളിലൂടെ മറ്റു രാജ്യങ്ങളിലേക്കും ചരക്കുമായി പോകുന്ന വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ ഇതിനായി കൃത്യമായ പെർമിറ്റുകൾ ഉപയോഗിക്കേണ്ടതാണ്.

സൗദി അറേബ്യയിലെ നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതത്തിനായി ഇത്തരം വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതല്ല. ഇത്തരം ഗതാഗതത്തിനുള്ള അനുമതി സൗദി രജിസ്‌ട്രേഷനുള്ള ചരക്ക് വാഹനങ്ങൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. സൗദി രജിസ്‌ട്രേഷനുള്ള ചരക്ക് വാഹനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, രാജ്യത്തെ ചരക്കുഗതാഗത മേഖലയിൽ നീതിയുക്തമായ മത്സരം ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം നിയമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിയമലംഘങ്ങൾ കണ്ടെത്തുന്നതിനായി സൗദി അധികൃതർ പ്രത്യേക പരിശോധനകൾ നടത്തിവരുന്നുണ്ട്.

Cover Image: Saudi Press Agency.