സൗദി പൗരന്മാർ, അവരുടെ വിദേശികളായ ബന്ധുക്കൾ എന്നിവർക്ക് കരമാർഗമുള്ള അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു. സൗദി പൗരന്മാർ, അവരുടെ വിദേശികളായ ബന്ധുക്കൾ (ഭാര്യ, ഭർത്താവ്, കുട്ടികൾ), വിദേശികളായ വീട്ടുജോലിക്കാർ എന്നിവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകിയിട്ടുള്ളത്. സൗദിയുമായി കരമാർഗമുള്ള അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്ന് നേരിട്ട് യാത്രചെയ്യുന്നവർക്കാണ് ഈ അനുമതി.
സൗദി പൗരന്മാരുടെ ബന്ധുക്കളായിട്ടുള്ള വിദേശികൾക്കും, വീട്ടുജോലിക്കാർക്കും 48 മണിക്കൂറിനിടയിൽ എടുത്തിട്ടുള്ള COVID-19 PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്. ഇത്തരത്തിൽ യാത്രചെയ്യുന്ന ബന്ധുക്കളായിട്ടുള്ള വിദേശികൾക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഓൺലൈനിലൂടെ, ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകൽ ഉപയോഗിച്ച് കൊണ്ട്, മുൻകൂർ യാത്രാനുമതി നേടേണ്ടതാണ്
അൽ ഖഫ്ജി, റഖയ്, അൽ ബത്ത, കിംഗ് ഫഹദ് ബ്രിഡ്ജ് എന്നിവയാണ് നിലവിൽ ഇത്തരത്തിൽ തുറന്നു കൊടുക്കുന്നത്. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി കൂടിയാലോചിച്ച ശേഷം കൂടുതൽ കരഅതിർത്തി ചെക്ക്പോയിന്റുകൾ തുറക്കുന്നതാണ്.
സൗദിയിലേക്ക് മറ്റു ജി സി സി രാജ്യങ്ങളിൽ നിന്ന് വാണിജ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകൾക്ക് രാജ്യത്തെ എല്ലാ കരമാർഗമുള്ള അതിർത്തി കവാടങ്ങളിലൂടെയും പ്രവേശനം അനുവദിക്കാൻ ഓഗസ്റ്റ് 4-നു സൗദി കസ്റ്റംസ് തീരുമാനിച്ചിരുന്നു.