സൗദി: 12 മുതൽ 14 വയസ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം പുനരാരംഭിച്ചു

GCC News

സൗദി അറേബ്യയിലെ ഇന്റർമീഡിയറ്റ്, സെക്കന്ററി ലെവൽ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള പഠനം 2021 ഓഗസ്റ്റ് 29, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചു. 12 മുതൽ 14 വയസ് വരെ പ്രായമുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കാണ് ഞായറാഴ്ച്ച മുതൽ ഇത്തരത്തിലുള്ള പഠനരീതി പുനരാരംഭിച്ചിരിക്കുന്നത്.

സൗദിയിലെ സ്വകാര്യ വിദ്യാലയങ്ങളിലും, പൊതു വിദ്യാലയങ്ങളിലും, വിദേശ പഠന സമ്പ്രദായം പിന്തുടരുന്ന സ്‌കൂളുകളിലും ഇത്തരത്തിൽ അധ്യയനം പുനരാരംഭിച്ചിട്ടുണ്ട്. എലിമെന്ററി ലെവൽ ക്ലാസുകൾ, കിന്റർഗാർട്ടനുകൾ എന്നീ വിഭാഗങ്ങൾക്ക് വിദൂര പഠന സമ്പ്രദായത്തിലാണ് അധ്യയനം ആരംഭിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള വിദ്യാലയങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

COVID-19 വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പെടുക്കാത്ത വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർക്ക് പുതിയ അധ്യയന വർഷത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല്ലെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹമദ് അൽ അഷെയ്ഖ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Cover Photo: Saudi Press Agency.