സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്ട്രേഷൻ ബുക്കിംഗ് ഇന്ന് (2022 ജൂൺ 11) അവസാനിക്കുന്നതാണ്. ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകളുടെ നിരക്കിൽ കുറവ് വരുത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 ജൂൺ 10-ന് വൈകീട്ട് അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര തീർത്ഥാടകർക്കായി മൂന്ന് ഹജ്ജ് പാക്കേജുകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ജൂൺ 10-ലെ അറിയിപ്പ് പ്രകാരം, ഈ മൂന്ന് പാക്കേജുകളുടെ മുൻപ് പ്രഖ്യാപിച്ച നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്.
2022 ജൂൺ 10-ലെ അറിയിപ്പ് പ്രകാരം ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള പാക്കേജുകളുടെ പുതുക്കിയ നിരക്കുകൾ:
- ഹോസ്പിറ്റാലിറ്റി ഓർഡിനറി ക്യാമ്പ് – പുതുക്കിയ നിരക്ക്: 9098 റിയാൽ (നേരത്തെ ഈ പാക്കേജിന് 10238 റിയാലാണ് പ്രഖ്യാപിച്ചിരുന്നത്.)
- ഹോസ്പിറ്റാലിറ്റി അപ്ഗ്രേഡഡ് ക്യാമ്പ് – പുതുക്കിയ നിരക്ക്: 11970 റിയാൽ (നേരത്തെ ഈ പാക്കേജിന് 13043 റിയാലാണ് പ്രഖ്യാപിച്ചിരുന്നത്.)
- ഹോസ്പിറ്റാലിറ്റി മിന ടവർ – പുതുക്കിയ നിരക്ക്: 13943 റിയാൽ (നേരത്തെ ഈ പാക്കേജിന് 14737 റിയാലാണ് പ്രഖ്യാപിച്ചിരുന്നത്.)
ഈ നിരക്കുകളിൽ വാറ്റ് നികുതി, തീർത്ഥാടകരുടെ നഗരത്തിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ ഫീസ് എന്നിവ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
2022 ജൂൺ 10-ന് വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഹജ്ജ് മന്ത്രാലയത്തിന്റെ ബുക്കിംഗ് വെബ്സൈറ്റിലൂടെ 390000 ആഭ്യന്തര രജിസ്ട്രേഷൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഹജ്ജ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക മാർഗ്ഗനിർദ്ദേശരേഖ https://media1.haj.gov.sa/Uploads/files/F22060901.pdf എന്ന വിലാസത്തിൽ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ ഹജ്ജ് സീസണിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 65 വയസിന് താഴെ പ്രായമുള്ള, സൗദി അറേബ്യയിൽ നിലവിൽ ഉള്ളവരായ, പൗരന്മാർക്കും, പ്രവാസികൾക്കും ആഭ്യന്തര തീർത്ഥാടകരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആഭ്യന്തര തീർത്ഥാടകർക്കായി ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് സൗദി ഹജ്ജ്, ഉംറ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.