2030-ലെ ലോക എക്സ്പോയ്ക്ക് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ ഇതിനായുള്ള ഔദ്യോഗിക അപേക്ഷ സമർപ്പിച്ചതായി ലോക എക്സ്പോ സംഘാടകരായ BIE സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിട്ടുണ്ട്.
‘മാറ്റത്തിന്റെ കാലഘട്ടം: ദീര്ഘദൃഷ്ടിയോടെയുള്ള ഭാവിയിലേക്ക് ഭൂമിയെ നയിക്കാം’ എന്ന ആശയത്തിലൂന്നിയാണ് എക്സ്പോ 2030-യുടെ വേദിയാകുന്നതിനുള്ള ഔദ്യോഗിക അപേക്ഷ സൗദി അറേബ്യ സമർപ്പിച്ചിട്ടുള്ളത്. റിയാദിൽ വെച്ച് എക്സ്പോ 2030 നടത്തുന്നതിനാണ് സൗദി അറേബ്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്.
2030-ലെ ലോക എക്സ്പോ നടത്തുന്നതിനുള്ള അനുമതിയ്ക്കായി സൗദി അറേബ്യയ്ക്ക് പുറമെ റഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ഇറ്റലി, ഉക്രൈൻ എന്നീ രാജ്യങ്ങളും ഔദ്യോഗികമായി അപേക്ഷിച്ചിട്ടുണ്ട്.