സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

Saudi Arabia

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 2022 ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കും. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രം, രാജ്യത്തിന്റെ വളർച്ചയിലെ വിവിധ നാഴികക്കല്ലുകൾ തുടങ്ങിയവ എടുത്ത് കാട്ടുന്ന പരമ്പരാഗത സാംസ്‌കാരിക മേള ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ അരങ്ങേറുന്നതാണ്. സൗദിയുടെ ചരിത്രം മനസ്സിലാക്കുന്നതിനൊപ്പം സന്ദർശകർക്ക് പരമ്പരാഗത സൗദി വസ്ത്രധാരണ രീതികൾ അടുത്തറിയുന്നതിനും, പരമ്പരാഗത സൗദി കാപ്പിയുടെ രുചി ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നതാണ് ഈ മേളകളെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. ആദ്യത്തെ സൗദി രാഷ്ട്രത്തിന് തുടക്കം കുറിച്ച് കൊണ്ട് 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ ഭരണകാലം ആരംഭിച്ചതിന്റെ സ്മരണയിലാണ് ഫെബ്രുവരി 22-ന് സ്ഥാപക ദിനമായി ആചരിക്കുന്നത്.

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചിട്ടുണ്ട്.