ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള നറുക്കെടുപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) അറിയിച്ചു. 2022 ഡിസംബർ 5-ന് AFC ഇത് സംബന്ധിച്ച ഒരു പ്രത്യേക പ്രസ്‌താവന പുറത്തിറക്കി.
ഇതോടെ ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 2023 ഫെബ്രുവരിയിൽ ബഹ്‌റൈനിൽ വെച്ച് AFC ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്.
ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളായി ഇന്ത്യ, സൗദി അറേബ്യ എന്നിവരെയാണ് AFC കഴിഞ്ഞ ഒക്ടോബറിൽ പ്രഖ്യാപിച്ചിരുന്നത്.
“ഏഷ്യൻ കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ നിന്ന് പിന്മാറുന്നതായി ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (AIFF) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.”, AFC പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.