2021-ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരത്തിന് ജിദ്ദ വേദിയാകുമെന്ന് സൗദി സ്പോർട്സ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി അറിയിച്ചു. ജിദ്ദ വാട്ടർ ഫ്രണ്ടിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.
“ഫോർമുല വണിനെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഒപ്പം വിജയികളെയും.”, 2021-ൽ നടക്കുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീയിലെ ഒരു മത്സര വേദി സൗദി അറേബ്യയിലെ ജിദ്ദ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള ചടങ്ങിൽ അദ്ദേഹം പറഞ്ഞു. 2021 നവംബറിലാണ് ജിദ്ദയിൽ ഫോർമുല വൺ മത്സരം നടക്കുന്നത്.
F1 മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഇത്തരം അന്താരാഷ്ട്ര മത്സരയിനങ്ങൾക്ക് സ്ഥിരം വേദിയാകുന്നതിന് സൗദിയെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡാക്കാർ റാലി, ഇലക്ട്രിക്ക് ഫോർമുല E സീരീസ് മുതലായ മത്സരങ്ങൾ സംഘടിപ്പിച്ച പരിചയം സൗദിയ്ക്ക് ഇത്തരം കൂടുതൽ മത്സരയിനങ്ങൾക്ക് വേദിയാകുന്നതിൽ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോർമുല വൺ അധികൃതരും, സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും (SAMF) തമ്മിൽ ധാരണയായിട്ടുള്ള ദീർഘകാലത്തെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റേസ് സൗദിയിൽ സംഘടിപ്പിക്കുന്നത്. ജിദ്ദയിലെ കോർണിഷിൽ വെച്ചാണ് ഫോർമുല വൺ മത്സരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ മത്സരത്തിന്റെ ഭാഗമായി ഒരാഴ്ച്ച നീണ്ട് നിൽക്കുന്ന മോട്ടോർ സ്പോർട്സ് പരിപാടികളും, സാംസ്‌കാരിക, ആഘോഷ പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച സ്ഥിരീകരണം ഫോർമുല വൺ അധികൃതർ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സൗദി അറേബ്യ, ഫോർമുല വൺ മത്സരങ്ങൾക്ക് വേദിയാകുന്ന മുപ്പത്തിമൂന്നാമത് രാജ്യമായി മാറും.
രാത്രിയിൽ തെരുവ് വീഥിയിൽ വെച്ച് നടത്തുന്ന റേസ് എന്ന പ്രത്യേകതയും സൗദി അറേബ്യൻ ഗ്രാൻഡ് പ്രീയ്ക്ക് ഉണ്ടായിരിക്കുമെന്ന് അധികൃതർ പറഞ്ഞു. 2021-ലെ സൗദി അറേബ്യൻ ഗ്രാൻഡ് പ്രീ സ്ട്രീറ്റ് ട്രാക്കിൽ വെച്ചായിരിക്കും നടത്തുന്നതെങ്കിലും, ഭാവിയിൽ ഇതിനായി ഒരു പ്രത്യേക ഫോർമുല വൺ ട്രാക്ക് നിർമ്മിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.