സൗദി: ഡിസംബർ 30 മുതൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

GCC News

രാജ്യത്തെ ഡ്രൈവിംഗ് സ്‌കൂൾ, കസ്റ്റംസ് ക്ലിയറൻസ്, ടെക്നിക്കൽ എഞ്ചിനീയറിങ്ങ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം 2021 ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) നേരത്തെ പ്രഖ്യാപിച്ച തീരുമാനപ്രകാരമാണ് ഈ നടപടി.

2021-ൽ സൗദി പൗരന്മാർക്കായി രാജ്യത്തെ 20 തൊഴിൽ മേഖലകളിലായി 378000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് MHRSD നടപ്പിലാക്കുന്ന തീരുമാന പ്രകാരമാണ് ഈ മൂന്ന് മേഖലകളിൽ ഡിസംബർ 30 മുതൽ വദേശിവത്കരണം നടപ്പിലാക്കുന്നത്. ഈ തീരുമാനം നടപ്പിലാക്കുന്നതോടെ കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ പൂർണ്ണമായും സ്വദേശിവത്കരണം നടപ്പിലാകുന്നതാണ്.

ഈ മേഖലയിൽ ഗവണ്മന്റ് റിലേഷൻസ് ഓഫീസർ, ജനറൽ മാനേജർ, കസ്റ്റംസ് ക്ലിയറൻസ് ക്ലാർക്ക്, ട്രാൻസ്‌ലേറ്റർ, കസ്റ്റംസ് ക്ലിയറൻസ് ബ്രോക്കർ തുടങ്ങിയ തസ്തികളിലായി ഏതാണ്ട് 2000 തൊഴിലുകളിലാണ് മന്ത്രാലയം സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഡ്രൈവിംഗ് സ്കൂൾ മേഖലയിൽ ഏതാണ്ട് 8000 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നു. ടെക്നിക്കൽ എഞ്ചിനീയറിങ്ങ് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം രാജ്യത്തെ സ്വകാര്യ മേഖലയിൽ ഇത്തരം തൊഴിലുകളിൽ അഞ്ചിലധികം ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങൾക്കാണ് ബാധകമാക്കുന്നത്.