2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ജൂൺ 12-ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ തീരുമാനപ്രകാരം, നിലവിൽ സൗദിയിലുള്ള പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്. കഴിഞ്ഞ വർഷവും, ഇതേ രീതിയിൽ വിദേശ തീർത്ഥാടകരെ പങ്കെടുപ്പിക്കാതെയാണ് തീർത്ഥാടനം നടത്തിയത്.
“ആഗോളതലത്തിൽ COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, 2021-ലെ ഹജ്ജ് തീർത്ഥാടനത്തിലേക്കുള്ള രജിസ്‌ട്രേഷൻ നിലവിൽ രാജ്യത്തിനകത്തുള്ള പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമായി പരിമിതപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ 60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. നിലവിൽ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെയും, പൗരന്മാരെയും ഉൾപ്പെടുത്തി ഇവരെ തിരഞ്ഞെടുക്കുന്നതാണ്.”, ജൂൺ 12-ന് ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയ 18-നും, 65-നും ഇടയിൽ പ്രായമുള്ളവർക്കാണ് രജിസ്‌ട്രേഷൻ അനുമതിയുള്ളത്. പൊതുസമൂഹത്തിന്റെയും, തീർത്ഥാടകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഹജ്ജ് രജിസ്‌ട്രേഷൻ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്.
വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായി ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുവാദം നൽകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.എന്നാൽ നിലവിലെ കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്തും, വിവിധ രാജ്യങ്ങളിൽ വൈറസിന്റെ വകഭേദങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്തുമാണ് ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സൗദി വാണിജ്യവകുപ്പ് മന്ത്രിയും, മീഡിയ വകുപ്പിന്റെ താത്കാലിക ചുമതലയുമുള്ള മന്ത്രിയുമായ ഡോ. മജീദ് അൽ ഖസാബി ജൂൺ 6-ന് റിയാദിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.