സൗദി: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനം

Saudi Arabia

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി ഉത്തരവ് പുറത്തിറക്കി. 2022 ജനുവരി 27-നാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്.

ഇതോടൊപ്പം, എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തെ സൗദി രാഷ്ട്രത്തിന് തുടക്കം കുറിച്ച് കൊണ്ട് 1727 ഫെബ്രുവരിയിൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ ഭരണകാലം ആരംഭിച്ചതിന്റെ സ്മരണയിലാണ് ഫെബ്രുവരി 22-ന് സ്ഥാപക ദിനമായി ആചരിക്കുന്നത്. 1727 മുതൽ 1818 വരെയാണ് ആദ്യ സൗദി രാഷ്ട്രം നിലനിന്നത്. ഈ കാലഘട്ടത്തിൽ ദിരിയാഹ് ആയിരുന്നു തലസ്ഥാനം. തുടർന്ന് 1824-ൽ ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സൗദ് രണ്ടാം സൗദി രാഷ്ട്രത്തിന് രൂപം നൽകി. 1891 വരെയാണ് രണ്ടാം സൗദി രാഷ്ട്രം നിലനിന്നത്.

തുടർന്ന് 1902-ൽ കിംഗ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഫൈസൽ അൽ സൗദ് മൂന്നാം സൗദി രാഷ്ട്രത്തിന് രൂപം നൽകുകയും, സൗദി അറേബ്യ എന്ന പേരിൽ രാജ്യത്തിനെ ഒരുമിപ്പിക്കുകയും ചെയ്തു.