തായിഫിലെ ഹദ മേഖലയിലെ മലമ്പാതയിൽ റോഡിലേക്ക് പാറ ഇടിഞ്ഞ് വീഴുന്നത് നിരീക്ഷിക്കുന്നതിനുള്ള ഒരു സ്മാർട്ട് സംവിധാനം സൗദി റോഡ്സ് ജനറൽ അതോറിറ്റി പരീക്ഷിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തായിഫിലെ ഹദ മേഖലയിലെ ചുരത്തിൽ പാറ ഇടിയുന്നത് സ്വയമേവ നിരീക്ഷിക്കുന്നതിനും, മുന്നറിയിപ്പ് നൽകുന്നതിനും കഴിയുന്ന രീതിയിലാണ് ഈ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. റോഡ് സുരക്ഷ, ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇതിനായി ഹദ റോഡിൽ നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്തുന്ന ആറ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിന് അരികിലുള്ള മലമ്പ്രദേശങ്ങളിൽ നിന്ന് പാറ ഇടിയുന്നത് ഉടനടി കണ്ടെത്തുന്നതിനും, റോഡ് അടയ്ക്കുന്നതിനുള്ള നിർദ്ദേശം ഉടൻ തന്നെ നൽകുന്നതിനും ഈ സംവിധാനത്തിന് സാധിക്കുന്നതാണ്.
പറ ഇടിഞ്ഞ് വീഴുന്നത് ശ്രദ്ധയിൽപ്പെടുന്നത് മുതൽ 60 സെക്കന്റിനകം ഈ മലമ്പാതയിലേക്കുള്ള പ്രധാനം കവാടം അടയ്ക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. മറ്റു ബന്ധപ്പെട്ട വകുപ്പുകളെ ഉടനടി വിവരം അറിയിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
Cover Image: Saudi Press Agency.