സൗദിയിലെ ‘Tawakkalna’ ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്പോർട്ട് സംബന്ധിച്ച് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയതായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) അറിയിച്ചു. ആപ്പിന്റെ പുതുക്കിയ പതിപ്പിൽ ഹെൽത്ത് പാസ്സ്പോർട്ട് സംവിധാനത്തിന് കീഴിൽ പുതിയതായി COVID-19 ട്രാവൽ ഇൻഷുറൻസ് പോളിസി സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സേവനം ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രികരുടെ COVID-19 ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച വിവരങ്ങൾ ഹെൽത്ത് പാസ്സ്പോർട്ടിൽ ഉൾപ്പെടുത്തുന്നതോടെ യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിന് സാധിക്കുന്നതാണ്. ‘Tawakkalna’ ആപ്പിന്റെ പുതിയ പതിപ്പിലെ ഹെൽത്ത് പാസ്സ്പോർട്ടിൽ വാക്സിനേഷൻ സ്റ്റാറ്റസ്, വാക്സിൻ സ്വീകരിച്ച തീയതി, ഏറ്റവും അവസാനം എടുത്ത PCR പരിശോധന സംബന്ധമായ വിവരങ്ങൾ, ആരോഗ്യ ഇൻഷുറൻസ് പോളിസി വിവരങ്ങൾ, ഇൻഷുറൻസ് കാലാവധി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് COVID-19 വാക്സിൻ സ്വീകരിച്ചവർക്കായുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്പോർട്ട് സംവിധാനം 2021 ജനുവരി മുതൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ പ്രയോഗക്ഷമമാക്കിയിട്ടുണ്ട്. ഓരോ വ്യക്തികളുടെയും കൊറോണ വൈറസ് വാക്സിനേഷൻ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഡിജിറ്റൽ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ്. COVID-19 വൈറസിനെതിരെ വാക്സിൻ സ്വീകരിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്നതിന് ഈ ഡിജിറ്റൽ ഹെൽത്ത് പാസ്സ്പോർട്ട് സംവിധാനം ഉപയോഗിക്കാവുന്നതാണ്.