സൗദി: പള്ളികളിൽ COVID-19 സുരക്ഷാ നിബന്ധനകൾ കർശനമാക്കാൻ നിർദ്ദേശം

GCC News

രാജ്യത്തെ പള്ളികളിലെത്തുന്ന വിശ്വാസികൾ COVID-19 പ്രതിരോധ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് പള്ളികളിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകി. രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ കർശനമാക്കാൻ അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.

https://twitter.com/Saudi_MoiaEN/status/1473994709131538437

ഇത് സംബന്ധിച്ച ഒരു ഔദ്യോഗിക വിജ്ഞാപനം ഇസ്ലാമിക് അഫയേഴ്‌സ് വകുപ്പ് മന്ത്രി അബ്ദുൽ ആത്തിഫ് അൽ ഷെയ്ഖ് രാജ്യത്തെ പള്ളികളിലെ ജീവനക്കാർക്കായി പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം പള്ളികളിലെത്തുന്നവർ എല്ലാ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പള്ളികളിലെത്തുന്ന വിശ്വാസികൾക്കിടയിൽ സമൂഹ അകലം, മാസ്കുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കപ്പെടുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താൻ മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പള്ളികളിൽ പ്രത്യേക പരിശോധനകൾ നടത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.