വിദേശരാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കാൻ രാജ്യത്തെ ജനങ്ങളോട് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി നിർദ്ദേശം നൽകി. ആഗോളതലത്തിൽ COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം ഉൾപ്പടെ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ ഇത്തരം ഒരു നിർദ്ദേശം നൽകിയത്.
ഉയർന്ന രോഗവ്യാപന സാധ്യത നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രകൾ മാറ്റിവെക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശത്ത് നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന പൗരന്മാരും, പ്രവാസികളും ഉൾപ്പടെ മുഴുവൻ പേരും, സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസം സാമൂഹിക സമ്പർക്കം ഒഴിവാക്കാനും (വാക്സിൻ എടുത്തവർക്കും ബാധകം), ശ്വാസതടസം, പനി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ COVID-19 ടെസ്റ്റ് നടത്തുന്നതിനും പബ്ലിക് ഹെൽത്ത് അതോറിറ്റി ആവശ്യപ്പെട്ടു. കൈകളുടെ ശുചിത്വം, മാസ്കുകളുടെ ശരിയായ ഉപയോഗം, തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കൽ, സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഹസ്തദാനം ഉൾപ്പടെയുള്ള ശീലങ്ങൾ ഒഴിവാക്കൽ തുടങ്ങിയ മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ബൂസ്റ്റർ ഡോസ് ഉൾപ്പടെ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിലെ COVID-19 സാഹചര്യങ്ങൾ അനുസരിച്ചുള്ള രോഗവ്യാപന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് https://covid19.cdc.gov.sa/ar/risk-update/# എന്ന വിലാസം സന്ദർശിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.