മാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുനിസിപ്പൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്ത് കൊണ്ട് മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രകാരം, ചവറ്റുവീപ്പകൾ അവയുടെ സ്ഥാനത്ത് നിന്ന് മാറ്റി വെക്കുകയോ, ഏതെങ്കിലും രീതിയിൽ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നവർക്ക് 500 റിയാൽ പിഴ ചുമത്തുന്നതാണ്.
മുനിസിപ്പൽ പെരുമാറ്റച്ചട്ടങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. പിഴയ്ക്ക് പുറമെ ചവറ്റുവീപ്പകൾക്ക് കേടുപാടുകൾ വരുത്തിയിട്ടുണ്ടെങ്കിൽ അതിന്റെ നഷ്ടപരിഹാരവും നിയമലംഘകരിൽ നിന്ന് ഈടാക്കുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുന്നതാണ്. ചവറ്റുവീപ്പകൾ മനഃപൂർവം നശിപ്പിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് മേൽപ്പറഞ്ഞ ശിക്ഷാ നടപടികൾക്ക് പുറമെ ആയിരം റിയാൽ വരെ അധിക പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.