സൗദി അറേബ്യ: മൊബൈൽ സന്ദേശങ്ങളിലൂടെയുള്ള തട്ടിപ്പുകളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ്

Saudi Arabia

പണം തട്ടിയെടുക്കുന്നതിനായി, സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് മൊബൈൽ സന്ദേശങ്ങളിലൂടെ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് സൗദിയിലെ മൊബൈൽ ഉപഭോക്താക്കൾക്ക് പോലീസ് മുന്നറിയിപ്പ് നൽകി. ഏതാണ്ട് 3 ലക്ഷം സൗദി റിയാലിന്റെ ഇത്തരം ഒരു തട്ടിപ്പ് നടത്തിയ വിദേശികളായ അഞ്ച് പേരെ പിടികൂടിയ സാഹചര്യത്തിലാണ് പോലീസ് ജാഗ്രത പുലർത്താൻ പൊതുസമൂഹത്തോട് നിർദ്ദേശിച്ചത്.

മൊബൈലിലൂടെ, ബാങ്കുകളിലെ പണമിടപാട് നടത്തുന്നതിനുള്ള വിവരങ്ങൾ പുതുക്കുന്നതിന് നിർദ്ദേശം നൽകുന്ന രീതിയിലുള്ളതും, വിവിധ സമ്മാനങ്ങൾ ലഭിച്ചതായുള്ള വ്യാജ സന്ദേശങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ പണം ചോർത്തുന്നതെന്ന് റിയാദ് മേഖലയിലെ പോലീസ് വക്താവ് മേജർ. ഖാലിദ് അൽ ക്രൈദിസ് അറിയിച്ചു. ഇത്തരം തട്ടിപ്പ് നടത്തിയതിന് പിടിയിലായവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തിയ ശേഷം ഈ സംഘം അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ആവർത്തിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ശേഷവും സൗദി പൗരന്മാരും, നിവാസികളും ഇരകളാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, ഇത്തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ അറിയിക്കാനും പൊതുസമൂഹത്തോട് അധികൃതർ ആഹ്വാനം ചെയ്തു.