സൗദി അറേബ്യയിലെത്തുന്ന സന്ദർശകർക്ക് പാസ്സ്പോർട്ടിൽ റിയാദ് സീസണുമായി ബന്ധപ്പെട്ട പ്രത്യേക എൻട്രി സ്റ്റാമ്പ് നൽകുന്നു

GCC News

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സ്വാഗതമോതുന്നതിനായി പാസ്സ്പോർട്ടിൽ റിയാദ് സീസണുമായി ബന്ധപ്പെട്ട പ്രത്യേക എൻട്രി സ്റ്റാമ്പ് പതിപ്പിച്ച് നൽകുന്നു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ എൻട്രി സ്റ്റാമ്പിന്റെ നടുവിലായി റിയാദ് സീസണിന്റെ ലോഗോ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം സന്ദർശകരെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Source: Saudi Press Agency.

വിദേശത്ത് നിന്നെത്തുന്ന സന്ദർശകർക്ക് റിയാദ് സീസണെക്കുറിച്ച് അറിവ് നൽകുന്നതിനും, വിനോദസഞ്ചാരികൾക്കിടയിൽ ഈ മേളയുടെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനുമായാണ് ഈ നടപടി.

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പതിനൊന്ന് ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തിട്ടുണ്ട്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ പരന്ന് കിടക്കുന്ന റിയാദ് സീസൺ വേദിയിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഒരുക്കിയിട്ടുണ്ട്. 7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഈ മേളയുടെ ഭാഗമായി അരങ്ങേറുന്നത്. ഇത്തവണത്തെ റിയാദ് സീസൺ 2022 മാർച്ച് വരെ സന്ദർശകരെ സ്വീകരിക്കുന്നതാണ്.

Cover Image: Saudi Press Agency.