സൗദി അറേബ്യ: ടൂറിസം മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കും

GCC News

ടൂറിസം മേഖലയിലെ പ്രാദേശിക തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നല്കുന്നതിനായാണിത്.

2025 ഒക്ടോബർ 1-നാണ് സൗദി ടൂറിസം മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം വിനോദസഞ്ചാര മേഖലയിലെ തൊഴിലുകൾ വിദേശ തൊഴിലാളികൾക്കോ, സ്ഥാപനങ്ങൾക്കോ നൽകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സൗദി മിനിസ്ട്രി ഓഫ് ടൂറിസം, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് എന്നിവയിൽ നിന്നുള്ള പ്രത്യേക ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് സൗദി പൗരന്മാരെ നിയമിക്കുന്ന രീതിയിൽ മാത്രമാണ് ഔട്ട്‌സോഴ്‌സിംഗ് അനുവദിക്കുന്നത്. രാജ്യത്തെ ലൈസെൻസോട് കൂടി പ്രവർത്തിക്കുന്ന മുഴുവൻ ടൂറിസം സ്ഥാപനങ്ങൾക്കും ഈ നിബന്ധന ബാധകമാണ്.

ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള മുഴുവൻ തൊഴിലാളികളെയും മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സബ്‌കോൺട്രാക്ട്, സീസണൽ കോൺട്രാക്ട് മുതലായ വ്യവസ്ഥകളിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള മുഴുവൻ കരാറുകളും അജീർ സംവിധാനത്തിലൂടെ മാത്രമാണ് അനുവദിക്കുന്നത്.