രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റ രണ്ടാം ഘട്ടം ഫെബ്രുവരി 18, വ്യാഴാഴ്ച്ച മുതൽ സൗദിയിലുടനീളം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ അറിയിച്ചു. ഫെബ്രുവരി 18-ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“സൗദിയുടെ എല്ലാ മേഖലകളിലും COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചിരിക്കുന്നു. വാക്സിനേഷൻ നടപടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ‘Sehhaty’ ആപ്പിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. “, ഡോ. തൗഫീഖ് അൽ റാബിയ ട്വിറ്ററിൽ കുറിച്ചു. നിലവിൽ മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ആദ്യം വാക്സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഫൈസർ COVID-19 വാക്സിൻ ലഭ്യതയിൽ നേരിട്ട ബുദ്ധിമുട്ടുകൾ മൂലം വാക്സിനേഷൻ പ്രവർത്തനങ്ങൾ സൗദി നിർത്തിവെച്ചിരുന്നു. എന്നാൽ വാക്സിൻ രാജ്യത്ത് വീണ്ടും ലഭ്യമായതോടെ വാക്സിനേഷൻ യത്നത്തിന്റ രണ്ടാം ഘട്ടം ഫെബ്രുവരി 18 മുതൽ ആരംഭിക്കാൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
സൗദിയിലെ വാക്സിനേഷൻ നടപടികളിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും, രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കുമെന്നും ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ലാഹ് അസിരി ഫെബ്രുവരി 16-ന് അറിയിച്ചിരുന്നു. വാക്സിൻ നൽകുന്നതിനായി ദിനംപ്രതി അനുവദിക്കുന്ന മുൻകൂർ അനുമതികളുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
വാക്സിനേഷൻ നടപടികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 16-ന് ആരോഗ്യ മന്ത്രാലയം മക്കയിൽ ഒരു വാക്സിനേഷൻ കേന്ദ്രം തുറന്നിരുന്നു. രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്ന അഞ്ചാമത്തെ COVID-19 വാക്സിനേഷൻ കേന്ദ്രമാണിത്. നേരത്തെ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു.
Cover Photo: ജിസാൻ മേഖലയിലെ H.H. ഡെപ്യൂട്ടി എമിർ ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നു. Saudi MoH.