സൗദിയിൽ മെയ് 31, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിലെ യാത്രികർക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി. രാജ്യത്ത് COVID-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുമെന്ന് GACA നേരത്തെ അറിയിച്ചിരുന്നു.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഓരോ എയർപോർട്ടുകളും മൂന്ന് മണിക്കൂർ ഇടവേളകളിൽ അണുവിമുക്തമാക്കുമെന്നും, വിമാനങ്ങൾ ഓരോ സർവീസിന് ശേഷവും അണുവിമുക്തമാക്കുമെന്നും GACA അറിയിച്ചിട്ടുണ്ട്. വിമാനങ്ങളിൽ യാത്രികരുടെ ഇടയിൽ ഒരു സീറ്റ് കാലിയാക്കി ഇടുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഇപ്പോൾ GACA പുറത്തുവിട്ടിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങളിൽ എയർപോർട്ടുകളിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, യാത്രികർ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട്.
- ടിക്കറ്റുകൾ ബുക്ക് ചെയുന്ന സമയം തന്നെ യാത്രികർ COVID-19 രോഗലക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങളും, മറ്റ് ആരോഗ്യ വിവരങ്ങളും നൽകണം.
- ഡിജിറ്റൽ ഇടപാടുകളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക.
- എയർപോർട്ടുകളിലെ ടിക്കറ്റ് ബുക്കിങ് സംവിധാനങ്ങൾ തുറക്കില്ല.
- വിമാന സമയത്തിനും 2 മണിക്കൂർ മുൻപ് എയർപോർട്ടുകളിൽ എത്തിച്ചേരണം. തെർമൽ സ്കാനിങ്ങ് ഉണ്ടായിരിക്കുന്നതാണ്. കൈകൾ സ്റ്റെറിലൈസ് ചെയ്യാനുള്ള സംവിധാനങ്ങൾ എയർപോർട്ട് കവാടത്തിൽ ഉണ്ടായിരിക്കും. മാസ്കുകളും കയ്യുറകളും എല്ലാ സമയത്തും നിർബന്ധമാണ്.
- ഒരു യാത്രികന് ഒരു ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് അറിയിപ്പിൽ പറയുന്നുണ്ട്. സമൂഹ അകലം നിർബന്ധമായും പാലിക്കുക.
- പ്രായമായവരുടെയും, മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉള്ളവരുടെയും കൂടെ വരുന്ന സന്ദർശകർക്ക് മാത്രമേ എയർപോർട്ടിലേക്ക് പ്രവേശനം അനുവദിക്കൂ.
- സൗദിയിലെ എല്ലാ എയർപോർട്ടുകളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ GACA ഏർപ്പെടുത്തിയതായി അറിയിപ്പിൽ പറയുന്നുണ്ട്. മുഴുവൻ ജീവനക്കാർക്കും ആരോഗ്യ സുരക്ഷാ പരിശോധനകൾ നടത്തിയതായും, ആവശ്യമായ സുക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചതായും GACA അറിയിച്ചു.
രാജ്യത്തെ ആഭ്യന്തര സർവീസുകൾ പടിപടിയായി പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സൗദിയുടെ ദേശീയ വിമാന കമ്പനികൾക്കാണ് സേവനങ്ങൾ നടത്തുന്നതിന് അനുവാദം നൽകിയിട്ടുള്ളത്. 11 വിമാനത്താവളങ്ങളിൽ നിന്നായിരിക്കും ആദ്യ ഘട്ടത്തിൽ സർവീസുകൾ ആരംഭിക്കുക.