രാജ്യത്ത് അടുത്ത ഏതാനം ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. ഡിസംബർ 28 മുതൽ 30 വരെയുള്ള ദിനങ്ങളിൽ സൗദിയിലുടനീളം മഴ, മോശം കാലാവസ്ഥ എന്നിവയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് വക്താവ് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഹമ്മദിയാണ് അറിയിച്ചത്.
ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ വിവരങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് സിവിൽ ഡിഫൻസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ചൊവ്വാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെയുള്ള കാലയളവിൽ റിയാദ്, മക്ക, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം, അസീർ, അൽ ബാഹ തുടങ്ങിയ ഇടങ്ങളിൽ ഇടിയും മിന്നലോടും കൂടിയ കാറ്റിനും, മഴയ്ക്കും സാധ്യതയുള്ളതായി അദ്ദേഹം അറിയിച്ചു. മദിന, തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡർ പ്രൊവിൻസ്, ജസാൻ തുടങ്ങിയ ഇടങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
വെള്ളപ്പൊക്ക ഭീഷണിയുള്ള ഇടങ്ങളിൽ നിന്ന് മാറി നിൽക്കാനും, കാലാവസ്ഥാ അറിയിപ്പുകൾ കൃത്യമായി പിന്തുടരാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.