സൗദി: മൂന്നിടങ്ങളിൽ കർഫ്യു സമയം നീട്ടി; ആകെ രോഗികൾ 1885

GCC News

ഏപ്രിൽ 3 വെള്ളിയാഴ്ച്ച മുതൽ ദമ്മാം, തായിഫ്, അൽ ഖാതിഫ് എന്നീ മേഖലകളിൽ കർഫ്യുവിന്റെ സമയം വർദ്ധിപ്പിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. കൊറോണാ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. ഇന്നലെ മക്ക, മദീന എന്നിവിടങ്ങളിൽ സൗദി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കർഫ്യു 24 മണിക്കൂറാക്കി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ദമ്മാം, തായിഫ്, അൽ ഖാതിഫ് എന്നിവിടങ്ങളിൽ കർഫ്യു നിയന്ത്രണങ്ങൾ ദിനവും വൈകീട്ട് 3 മണിമുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ കൊറോണാ വൈറസ് ബാധയെത്തുടർന്ന് 5 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സൗദി നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഇത് കൂടാതെ സൗദിയിൽ 165 പേർക്ക് കൂടി COVID-19 ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൗദിയിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 1885 ആയി. നിലവിൽ 21 പേർ COVID-19-നെ തുടർന്ന് സൗദിയിൽ മരിച്ചിട്ടുണ്ട്.